ദില്ലി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടാതിരുന്നത് ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കാത്തത് കൊണ്ടാണെന്ന അമേരിക്കയുടെ വാദം തള്ളി ഇന്ത്യ. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, 2025-ൽ മാത്രം മോദിയും ട്രംപും എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട് 500 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്കയുടെ പുതിയ ബില്ലിനെ കുറിച്ചുള്ള വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. ഇതിനായി ഊർജ്ജ സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. ആഗോള വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് കുറഞ്ഞ നിരക്കിൽ വ്യത്യസ്ത സ്രോതസുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ തന്നെ യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇരു രാജ്യങ്ങളും ഒന്നിലേറെ തവണ ചർച്ച നടത്തി. കരാർ യാഥാർത്ഥ്യമാകുന്നതിന് അടുത്തെത്തിയതാണ്. ഈ കരാർ ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമാണ്. അത് വേഗത്തിൽ യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.